പുതിയൊരു ബ്ലോഗ്ഗർ
പ്രിയമുള്ള ബൂലോകരെ,
ബ്ലോഗത്തേയ്ക്ക് ഒരു നവാഗതൻ കൂടി എത്തുകയാണ്; ജി.എൽ.അജീഷ്!
പൊതുപ്രവർത്തകനും പത്ര പ്രവർത്തകനും കൂടിയായ അജീഷ് ഇതുവരെ ഒളിപ്പിച്ചു വച്ചിരുന്ന തന്റെ കവിതകളും മറ്റ് രചനകളും ഇനി സ്വയം പ്രകാശിപ്പിക്കുകയാണ്. ബ്ലോഗിനെക്കുറിച്ചും അതിന്റെ സാദ്ധ്യതകളെക്കുറിച്ചും മുമ്പേ തന്നെഅല്പം ചില കാര്യങ്ങൾ ഈയുള്ളവനവർകൾ പറഞ്ഞു കൊടുത്തിരുന്നു. ഇങ്ങനെയൊരു മാധ്യമം ഉള്ളപ്പോൾ ഇനിയും സർഗ്ഗവാസനകളെ എന്തിന് അടക്കി വയ്ക്കുന്നുവെന്ന വിചാരം ഇപ്പോഴാണ് ഈ യുവകോമളന് കലശലായി ഉണ്ടായത്.
ബൂലോകം ഓൺലെയിനിന്റെ ബ്ലോഗ് ലിറ്ററസി പ്രോഗ്രാമുമായി നടക്കുന്ന ഈയുള്ളവനവർകളുടെ മുന്നിൽ അങ്ങനൊരാൾ വന്നു പെട്ടാലുള്ള അവസ്ഥ അറിയാമല്ലോ? ബ്ലോഗും തുടങ്ങി പോസ്റ്റും ഇട്ട് അനുഗ്രഹവും ചോദിപ്പിച്ചേ വിടുകയുള്ളൂ! അത് ഇവിടെയും സംഭവിക്കുന്നു.
അജീഷിന് മലയാളം ടൈപ്പിംഗ് നന്നായി വശമായിട്ടില്ല. അതിനാൽ ആദ്യ പോസ്റ്റുകളിൽ അല്പം ചില കൈകടത്തലുകൾ നടത്തേണ്ടി വന്നിട്ടുണ്ട്. ഇതിനകം പുള്ളിയ്ക്ക് യൂണിക്കോഡ് ഫോണ്ടിനെക്കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ട്. കീമാൻ ടൈപ്പിംഗ് പരിശീലനം നടക്കുന്നു.
തന്റെ പത്ര പ്രവർത്തനത്തിന് ഇത് കൂടുതൽ സൌകര്യം നൽകും. വാർത്തകൾ ടൈപ്പ് ചെയ്ത് ഫാക്സ് ചെയ്യാൻ ഇനി എളുപ്പമാണ്. ഒപ്പം അത്യാവശ്യം വാർത്തകൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുവാനും സാധിക്കും.
എന്തായാലും ഓർക്കുട്ടിനപ്പുറത്തും ഇന്റെർനെറ്റിൽ ഒരു ലോകണ്ടെന്ന അറിവ് ഈ നവാഗത ബ്ലോഗറെ ആവേശഭരിതനാക്കിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഏതാനും കവിതകളുമായാണ് ബൂലോകത്തെ അഭിമുഖീകരിക്കുന്നത്. എല്ലവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
ഇനി പുതിയ ബ്ലോഗ്ഗറുടെ ആമുഖക്കുറിപ്പും ആദ്യ പോസ്റ്റും.ബൂലോകം ഇത്ര സംഭവബഹുലമാണെന്ന് അറിയാൻ അല്പം വൈകി. നാട്ടിൽ കൊച്ചുകൊച്ചു കാര്യങ്ങളുമായി നടക്കുന്ന ഒരു തനി ഗ്രാമീണനാണ് ഈ വിനീതൻ.
എപ്പോഴൊകെയോ കുത്തിക്കുറിച്ച ചില വരികൾ ഉണ്ടായിരുന്നു. അത് കവിതയായി അംഗീകരിക്കപ്പെടുമോ എന്ന സംശയവുമായി ഈ വിശ്വമനവികം ബ്ലോഗ്ഗർ സജിം സാറിനെ സമീപിച്ചതായിരുന്നു. ആരെങ്കിലും കണ്ടാലല്ലേ അംഗീകരിക്കുമോ ഇല്ലയോ എന്നറിയാൻ കഴിയൂ എന്നായി അദ്ദേഹം. ബ്ലോഗെന്ന വിശാലമായ മാധ്യമം തുറന്നിട്ടിരിക്കുമ്പോൾ സർഗ്ഗവാസനകളെ ഉള്ളിലിട്ട് ഞെരിച്ചു കൊല്ലുന്നത് ക്രൂരവും പൈശാചികവും നിയമ വിരുദ്ധവുമാണെന്നും കൂടി അദ്ദേഹം നർമ്മോക്തിയിൽ പറഞ്ഞു!
ഈയുള്ളവനിൽ സർഗ്ഗ വാസനകൾ വല്ലതും ഉണ്ടായിരുന്നോ, ഇപ്പോഴും ഉണ്ടോ, ഇനിയും ഉണ്ടാകാൻ ഇടയുണ്ടോ എന്നൊന്നും സ്വയം അറിവില്ല. അഥവാ ഇല്ലെങ്കിൽ അല്പം സർഗ്ഗ വാസന ക്രമേണ ഉണ്ടാക്കി എടുക്കാൻ ആഗ്രഹിക്കുന്നത് അത്യാഗ്രഹമാണെങ്കിൽ ക്ഷമിക്കുക. അതൊക്കെ ഇനി ബൂലോകരുടെ തീരുമാനത്തിനു വിടുന്നു.
കവിതയാണെന്ന് കരുതി ഞാനെഴുതിയ കുറെ മലയാള വാക്കുകൾ നിങ്ങൾക്കു മുന്നിലേയ്ക്ക് വാരി വലിച്ചിടുന്നു. വെട്ടും തിരുത്തും വരുത്താൻ ആരുമില്ലാത്ത ഈ സ്വയം പ്രസാധനത്തിൽ അല്പജ്ഞാനിയായ ഈ വിനീത വിധേയനും എഴുതുന്നതിൽ തെറ്റുകുറ്റങ്ങൾ വരുമെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ട കാര്യമില്ലല്ലോ. ഇവിടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും തിരുത്താനും തിരുത്തിക്കാനും വായനക്കാരുടെ സഹായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നെ ബൂലോകത്തേയ്ക്ക് കടക്കാൻ പ്രോത്സാഹിപ്പിക്കുകയും ബ്ലോഗ് നിർമ്മിച്ചു തരികയും ചെയ്ത
വിശ്വമാനവികം ബ്ലോഗ്ഗർ സജിം സാറിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ആദ്യ പോസ്റ്റിടുന്നു. താഴെ കാണുന്ന മലയാള അക്ഷരങ്ങൾ കവിതയെന്നൊരു (ഗദ്യകവിതയാണേ!) ലേബൽ ചാർത്തിയത് അഹങ്കാരമണെങ്കിൽ ക്ഷമിക്കുക. അല്ലെങ്കിൽ സഹിക്കുക; അല്ലപിന്നെ!
കവിത മഴമേഘങ്ങൾഅടച്ചിട്ട മുറിയ്ക്കുള്ളിൽ
തുറന്നിട്ട ജനാലയിലൂടെ
കാറ്റ് അകത്തേയ്ക്ക് തന്നെ!
അതു സാധാരണ കാറ്റായിരുന്നില്ല;
നേരത്തേ വന്ന മഴ്യ്ക്ക്
കൂട്ടിനു വന്നതാണ്!
ഇവിടെ വന്ന ശേഷം
ഇന്നു മാത്രമാണ്
പുറത്ത് നിരത്തിലേയ്ക്ക്
ഞാൻ നോക്കിയത്
ആരുമില്ലാത്തവനെ
അടുത്ത മുറിയിലെ സ്നേഹിതൻ
കൂട്ടിക്കൊണ്ടുവന്ന് കിടത്തിയതാണ്,
ഈ ആശുപത്രിക്കിടക്കയിൽ!
ഇന്നലെക്കൂടി കണ്ട സ്വപ്നത്തിൽ
ഒരു ഒറ്റപ്പെടലിന്റെ
നേർത്ത നൊമ്പരമുണ്ടായിരുന്നു.......
അമ്പത്തഞ്ചിലും അവിവാഹിതൻ!
സർക്കാർ സേവനം കഴിഞ്ഞിരിക്കുന്നു
ഇതിനകം അന്തസും ആഭിജാത്യവുമുള്ള
കുറെ രോഗങ്ങളും നേടി!
എല്ലാം മറന്നു പോയതിന്റെ
ശിക്ഷയാണോ ഈ ഒറ്റപ്പെടൽ?
ആയിരിക്കാം!
പണ്ട് പ്രണയമുണ്ടായിരുന്നു;
ഗോതമ്പു മണിയുടെ നിറമുള്ള
സുന്ദരിയോട്.....
അവളിന്ന് അമ്മയും മുത്തശിയുമായി!
പിന്നെയുമുണ്ടായിരുന്നു പ്രണയം;
ഒരു കറുത്ത സുന്ദരിയായിരുന്നു!
അവളും മെല്ലെമെല്ലെ അകന്നുപോയി.......
അല്ലെങ്കിൽ തന്നെ കറുപ്പിനും വെളുപ്പിനും
ഇടയിലാണല്ലോ,
എന്റെ സ്വപ്നങ്ങൾക്ക് പൂക്കാലമുണ്ടാകുന്നതും
പിന്നെ അവ കൊഴിഞ്ഞു വീഴുന്നതും!
ഓർമ്മകളിൽ അതൊക്കെ
ഇന്നൊരു സമാന്തര ജീവിതം.....
വേദന അലട്ടിയ ദിനങ്ങൾക്ക്
ഇന്നലെ രാത്രി അറുതിയായി;
അതുവരെ തീപിടിച്ച ആ വേദനയ്ക്ക്
ഇപ്പോൾ ഒരു ശമനമുണ്ട്!
ഇന്നു ഞാൻ ജനാലയെ
ശ്രദ്ധിച്ചു തുടങ്ങി;
ജനലഴികളിലൂടെ പുറത്തേയ്ക്കു നോക്കി
നിരത്തിൽ തിരക്കുതന്നെയാണ്;
ആരുടെയൊക്കെയോ
എന്തിനൊക്കെയോ
വേണ്ടിയുള്ള തിരക്കുകൾ.......!
ദൂരെ പെയ്തൊഴിഞ്ഞ കാർമേഘങ്ങൾ
വീണ്ടും അടുത്തുകൂടിയിരിക്കുന്നു
അടുത്ത മഴയ്ക്കുള്ള ആലോചനകൾക്കായി;
എന്നിൽ പെയ്തൊഴിയുന്ന
ഓർമ്മകളെ പോലെ തന്നെ!
മഴമേഘങ്ങൾക്ക് ഇനിയും പെയ്തേ മതിയാകൂ;
അതുപോലെ എന്റെ ഓർമ്മകൾക്കും!
മഴമേഘങ്ങൾക്ക് അറിയില്ല
ആർക്കു വേണ്ടിയാണ് തങ്ങളിങ്ങനെ
പെയ്തൊഴിയുന്നതെന്ന്!
എന്നിൽ നിറയുന്ന ബാഷ്പങ്ങളായും
അവപിന്നെ ഓർമ്മയുടെ മഴമേഘങ്ങളായും
പെയ്തുകൊണ്ടിരിക്കുന്നതെന്തിനാണെന്ന്
എനിക്കുമറിയില്ല!
ചുമ്മാ അറിവില്ലായ്മകളെ പഴിച്ചിട്ടെന്ത്?