Saturday 10 December 2011

ഭ്രംശതാഴ്വര

വാക്ശരങ്ങൾ കോർക്കുമൊരതിജീവനത്തിൻ
സമരാഗ്നിയാളി പടരുമാ പുഴയോരത്തൊരു
മുല്ലഗന്ധം മാറിമരണഗന്ധം മണക്കുമ്പോൾ
മക്കൾവാദം മുഴക്കുന്നു ചിലരാ മണ്ണിൻ വിരിമാറിൽ;
രക്തസാക്ഷികൾക്കായ് കൊമ്പുകോർക്കുന്നവർ!

നൊന്തുപോകുന്ന പെരിയാറിനരികിൽ
നൊമ്പരം പേറുന്ന താഴ്വരയ്ക്കിന്നു പേർ
“ഭ്രംശതാഴ്വര“....!
പാട്ടക്കരാറിന്റെ കൂട്ടത്തിൽ‌പ്പെട്ടുപോയാ
നാട്ടുകാർക്ക് കൂട്ടപരീക്ഷണത്തിൻ
ഭാഗപത്രം പകുത്തുനൽകിയപ്പോഴൊരു
കെട്ടുപടായി വന്നുപെട്ടീ അളവുകോൽ
ഗണിതമാം മരണ സൌധത്തിൽ
മണിമുഴക്കവും.....!

വട്ടമിട്ടങ്ങുപറക്കും കഴുകനുതാഴെയായൊരു
പുതുമതൻ പുഷ്പകവിമാനമിറങ്ങുന്നു,
ചോർച്ച കാണുവാൻ ചേർച്ചയുണ്ടാക്കുവാൻ !
മൂർച്ചയുള്ളവാക്കുമായെത്തിയവരായിങ്കിതം
മൂർച്ഛയുള്ള വാക്കുമായെത്തിയവരായിങ്കിതം
വ്യക്തമാക്കിയതിങ്ങനേയും;
ആകുലത അണപൊട്ടിയൊഴുകട്ടെയെങ്കിലും
മാറ്റുവാനാകില്ല.....ഇനി മരണമുണ്ടായാലും...!

മഴക്കാറു വീണു നിറയുമ്പോളടിവാര-
ജനതതൻ ആശങ്ക നെഞ്ചോടുചേർത്തങ്ങു,
മടങ്ങുന്നു മറുനാട്ടുവാസത്തിനായ്!
ഇറ്റുവീഴും ജലതുള്ളി പെറ്റിട്ടു
കുത്തൊഴിക്കിപ്പൊഴും മാറ്റുവാനാകാതെ
തോറ്റുപോകുമ്പോഴാ ജനതയാരോട്
പറയണം.....? ആരെപഴിക്കണം..?
പാട്ടകരാറിന്റെ കൂട്ടത്തിൽ കിട്ടിയാ ഭാഗപത്രത്തയോ?

ഗാന്ധിതൻ നാട്ടിലൊരു കാവലാം ‘മാച്ചുഡാം‘
അണപൊട്ടിയൊഴുകിയൊടുവിലാനഗരം
നരകമായിതീർന്നതോർക്കുക........!
ലോകമരണഭൂപടചിത്രം വരയ്ക്കുമ്പോളറിയുന്നു
അണപൊട്ടിയൊഴുകിയാ ഭൂതകാല-
പ്പുഴകളിലിന്നു മാംസഗന്ധം മണക്കുന്നു.....

ഭൂകമ്പമാപിനി പറയുന്നു:
ഞങ്ങൾ കണ്ടാ മണ്ണിൻ വിരിമാറിൽ
ഇടവേളയില്ലാതെ ദ്രുതകർമ്മ മാകുന്ന
കമ്പനത്തെ............
യന്ത്രവാഹിനി തന്ത്രപൂർവ്വം പറഞ്ഞുപോകു-
മ്പോളറിയുക; വികാരമേ നീ മടങ്ങുക......
വിവേകമേ നീ ഉണരുക; ഇനിയൊരു
രക്തസാക്ഷിയാം പുഴ ഒഴുകാതിരിക്കാൻ.....

2 comments:

ഇ.എ.സജിം തട്ടത്തുമല said...

കവിത മൊത്തത്തിൽ കൊള്ളാം. എന്നാൽ ടൈപ്പിംഗിൽ അഭംഗി വരുന്നു. അകലം പാലികെണ്ട വാക്കുകൾ ചേർന്നു കിടക്കുന്നത് ഒരു പോരായ്മയാണു്.ഇനി ശ്രദ്ധിക്കുകമല്ലോ.

“ഭ്രംശതാഴ്വരയിലൊരു മണിമുഴക്കം“; ഈ മണിമുഴക്കം ഇവിടെ ചേരുമോ?

അധിജീവനം അല്ല. അതിജീവനം ആണ് ശരി!

മനോജ് കെ.ഭാസ്കര്‍ said...

അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് എല്ലാവരും. ഈ സമയത്തിനനുയോജ്യമായ കവിത രചിച്ചതിന് ആശംസകള്‍.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞകാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ...