Tuesday 18 October 2011

തപാൽ പെട്ടി

തപാൽ പെട്ടി
സ്മൃതി പഥങ്ങളിൽ തെളിയുമാ
വേറിട്ടകാർമേഘപടലങ്ങൾ
പെയ്തൊഴിഞ്ഞെങ്ങോ മറയുമ്പോൾ
സ്മരണതൻ കവലയിൽ
കാലുറപ്പിച്ചൊരുപെട്ടി കാത്തിരിക്കുന്നു


പഴിക്കുന്നു പാതയോര പദയാത്രികർ പലരും
“മാറ്റുക....മാർഗ്ഗത്തിൻ വിഘ്നമാം പെട്ടിയെ”
അകതട്ടിൽ വീണൊരാ
ചിന്തയും,ചിലപ്പും,പ്രണയവും
ചിതൽ പുറ്റാകുന്നുവോ....?

അതിർത്തിക്ക് കാവലാം പട്ടാളകാരന്റെ
കഴമ്പുള്ള കത്തിനായി പെറ്റമ്മകാത്തിരുന്നെത്രയോ
വട്ടമാ വഴിവക്കിൽ.......
ആർദ്രമാം പ്രേമബിംബങ്ങൾ
അടരാതെ പടർന്നതും
തളരാതെ നിന്നതും
ഇന്നിന്റെ നൊമ്പരം പേറുന്ന
പെട്ടിതന്നുള്ളിലെ കടലാസു
താളിന്റെ കനിവിനാലല്ലേ....?

ആ‍കുല ,വ്യാകുല ചിത്തരാ
ജനതയുടെ വാചകകൂട്ടിനാൽ
പൊഴിയുന്ന വർത്തമാനങ്ങൾ
വായിച്ചുമാറ്റിയതെന്നോ....
അകലെയാ കാന്തന്റെ ചിന്തയിൽ
വിടരുന്ന കൊലുസിന്റെ കൊഞ്ചലും
നറുചുംബനവും നനയാതെ വന്നതാ
പെട്ടിതൻ അകതാരിലൂടെ.......

ഉച്ചവെയിൽ വന്നെത്തും നേരത്തു
മ്മറപടിയിൽ കത്തിനായി
കാത്തൊരാ കാമിനിമാർ വഴിമാറി നിൽക്കുന്നു
ഒരു തുണ്ട്കടലാസിൽ വിരിയുന്ന
കൌമാര പ്രണയപുഷ്പ്പങ്ങൾ
വേരറ്റുമാറുമ്പോൾ;
പുതുമതൻ നെറുകയിൽ
വിസ്മയം തീർക്കുമാശബ്ദശകലങ്ങൾ
വിരൽ സ്പർശമേറ്റ് പായുന്നു;

കാലത്തിൻ കവലയിൽ കാത്തിരിപ്പിനിയും
പെട്ടിക്കു മാത്രമോ?