Monday 19 December 2011

ജനകീയ കരസ്പർശത്താൽ ധന്യമാകുന്നീ വിദ്യാലയം


ജനകീയ കരസ്പർശത്താൽ ധന്യമാകുന്നീ വിദ്യാലയം

കിളിമാനൂർ: ജനകീയ പങ്കാളിത്തവുംകൂട്ടായ്മയുടെ കരുത്തും കൊണ്ടു ശ്രദ്ധേയമാകുകയാണ് ഇവിടെ ഒരു സർക്കാർ പള്ളികൂടം.85 വർഷത്തെ
ചരിത്രമുള്ള പപ്പാല ഗവ:ലോവർ പ്രൈമറിസ്കൂളാണ് പഞ്ചായത്തിന്റേയും
നാട്ടുകാരുടെയും പൂർവ്വവിദ്യാർഥികളുടെയും സ്നേഹസ്പർശനം കൊണ്ടു ധന്യമാകുന്നത്.പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ 2011-12 ജനകീയാ‍സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പപ്പാല ഗവ: എൽ.പി.എസിനെ മാതൃക വിദ്യായലയ പ്രോജക്റ്റ് തയ്യാറാക്കി ഈ പദ്ധതിപ്രകാരം 4 ലക്ഷംത്തോളം രൂപവിനിയോഗിച്ചു
കൊണ്ടുള്ള നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.മാതൃക വിദ്യാലയ പദ്ധതി ഉദ്ഘാടനം നാളെ വൈകുന്നേരം 3 ന് ബി.സത്യൻ എം.എൽ.എ നിർവ്വഹിക്കും.വിദ്യാലയം മാതൃകയാകുന്ന പദ്ധതിയോടനുബന്ധിച്ച് വിപുലമായ ചടങ്ങുകളാണ് നാട്ടുകാരും പഞ്ചായത്തുചേർന്ന്സംഘടിപ്പിച്ചിരിക്കുന്നത്.21 ന് രാവിലെ പൂർവ്വവിദ്യാർഥി കുടുംബസംഗമം നടക്കും ഗൃഹാതുരത്വം ഉണർത്തുന്ന
ഓർമ്മകളുടെ കൂടിചേരലിന് “ഓർമ്മക്കൂട്” എന്ന പേരാണ് നൽകിയിരിക്കുന്നത്
ഒരു നാടിന്റെ സംസ്ക്കാര സൃഷ്ടിക്ക് നിർണ്ണായകമായ പങ്കുവഹിച്ച വിദ്യാലയമാണ്
പാപ്പാല എൽ.പി.എസ്.പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗത്തിലുണ്ടാ‍യ ജനപങ്കാളിത്തം തന്നെ വിദ്യാലയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്.പപ്പാല പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ലാ ഈ വിദ്യാലത്തിന്റെ
സാന്നിധ്യം.മലയാളത്തിന്റെ പ്രിയകവി കിളിമാനൂർ രമാകാന്തൻ,കിളിമാനൂർ മധു,സാഹിത്യകാരൻ കിളിമാനൂർ ചന്ദ്രൻ,തുടങ്ങി സാഹിത്യരംഗത്തുള്ള പലരും അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ പള്ളികൂടത്തിൽ നിന്നാണ്.ലോകപ്രസിദ്ധരായ ഡോക്ടർ മാർ.എഞ്ചിനീയർമാ‍ർ,പത്രപ്രവർത്തകർ,അഭിഭാഷകർ ,ജനപ്രതിനിധികൾ,ഒക്കെ ഈ സർക്കാർ വിദ്യായലത്തിന്റെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞവരാണ് എന്നതാണ്
വാസ്തവം.ഇത്തരത്തിൽ പ്രസിദ്ധരായവരെ ചടങ്ങിൽ ആദരിക്കും.തുടർന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ ഗുരുനാഥന്മാ‍രെ ആദരിക്കുന്നതിന്റെ ഭാഗമായി “ഗുരുപൂജ’ എന്ന മഹനീയമായചടങ്ങും സംഘടിപ്പിച്ചിരിക്കുന്നു.അങ്ങനെ ജനകീയ കൂട്ടായ്മയിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷിക്കുവാനും നിലനിർത്തുവാനുമുള്ള
വിപുലമായ പരിപാടികൾക്കാണ് നാടിന്റെ ഹൃദയവായ്പ്പറിഞ്ഞ ഈ സർക്കാർ പള്ളികൂടം സാക്ഷിയാകാൻ പോകുന്നത്.പൂർവ്വവിദ്യാർഥികുടുംബ സംഗമം പ്രശസ്ത കവി കുമ്മിൾ
സുകുമാരൻ ഉദ്ഘാടനം ചെയ്യും മലയാളത്തിന്റെ പ്രിയങ്കരനായ കവി കിളിമാനൂർ രമാകാന്തൻ അനുസ്മരണവും സംഘടിപ്പിച്ചിട്ടുണ്ട്.വർഷങ്ങൾക്കുമുൻപ് വിദ്യാലയജീവിതത്തിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങിയവരുടെ അനുഭവങ്ങൾപങ്കുവയ്ക്കലും വേറിട്ട അനുഭവമാകും


Saturday 10 December 2011

ഭ്രംശതാഴ്വര

വാക്ശരങ്ങൾ കോർക്കുമൊരതിജീവനത്തിൻ
സമരാഗ്നിയാളി പടരുമാ പുഴയോരത്തൊരു
മുല്ലഗന്ധം മാറിമരണഗന്ധം മണക്കുമ്പോൾ
മക്കൾവാദം മുഴക്കുന്നു ചിലരാ മണ്ണിൻ വിരിമാറിൽ;
രക്തസാക്ഷികൾക്കായ് കൊമ്പുകോർക്കുന്നവർ!

നൊന്തുപോകുന്ന പെരിയാറിനരികിൽ
നൊമ്പരം പേറുന്ന താഴ്വരയ്ക്കിന്നു പേർ
“ഭ്രംശതാഴ്വര“....!
പാട്ടക്കരാറിന്റെ കൂട്ടത്തിൽ‌പ്പെട്ടുപോയാ
നാട്ടുകാർക്ക് കൂട്ടപരീക്ഷണത്തിൻ
ഭാഗപത്രം പകുത്തുനൽകിയപ്പോഴൊരു
കെട്ടുപടായി വന്നുപെട്ടീ അളവുകോൽ
ഗണിതമാം മരണ സൌധത്തിൽ
മണിമുഴക്കവും.....!

വട്ടമിട്ടങ്ങുപറക്കും കഴുകനുതാഴെയായൊരു
പുതുമതൻ പുഷ്പകവിമാനമിറങ്ങുന്നു,
ചോർച്ച കാണുവാൻ ചേർച്ചയുണ്ടാക്കുവാൻ !
മൂർച്ചയുള്ളവാക്കുമായെത്തിയവരായിങ്കിതം
മൂർച്ഛയുള്ള വാക്കുമായെത്തിയവരായിങ്കിതം
വ്യക്തമാക്കിയതിങ്ങനേയും;
ആകുലത അണപൊട്ടിയൊഴുകട്ടെയെങ്കിലും
മാറ്റുവാനാകില്ല.....ഇനി മരണമുണ്ടായാലും...!

മഴക്കാറു വീണു നിറയുമ്പോളടിവാര-
ജനതതൻ ആശങ്ക നെഞ്ചോടുചേർത്തങ്ങു,
മടങ്ങുന്നു മറുനാട്ടുവാസത്തിനായ്!
ഇറ്റുവീഴും ജലതുള്ളി പെറ്റിട്ടു
കുത്തൊഴിക്കിപ്പൊഴും മാറ്റുവാനാകാതെ
തോറ്റുപോകുമ്പോഴാ ജനതയാരോട്
പറയണം.....? ആരെപഴിക്കണം..?
പാട്ടകരാറിന്റെ കൂട്ടത്തിൽ കിട്ടിയാ ഭാഗപത്രത്തയോ?

ഗാന്ധിതൻ നാട്ടിലൊരു കാവലാം ‘മാച്ചുഡാം‘
അണപൊട്ടിയൊഴുകിയൊടുവിലാനഗരം
നരകമായിതീർന്നതോർക്കുക........!
ലോകമരണഭൂപടചിത്രം വരയ്ക്കുമ്പോളറിയുന്നു
അണപൊട്ടിയൊഴുകിയാ ഭൂതകാല-
പ്പുഴകളിലിന്നു മാംസഗന്ധം മണക്കുന്നു.....

ഭൂകമ്പമാപിനി പറയുന്നു:
ഞങ്ങൾ കണ്ടാ മണ്ണിൻ വിരിമാറിൽ
ഇടവേളയില്ലാതെ ദ്രുതകർമ്മ മാകുന്ന
കമ്പനത്തെ............
യന്ത്രവാഹിനി തന്ത്രപൂർവ്വം പറഞ്ഞുപോകു-
മ്പോളറിയുക; വികാരമേ നീ മടങ്ങുക......
വിവേകമേ നീ ഉണരുക; ഇനിയൊരു
രക്തസാക്ഷിയാം പുഴ ഒഴുകാതിരിക്കാൻ.....

Thursday 1 December 2011

ചുവരുകൾ

നിറം മാറിയെൻ സമദൂരചുവരുകൾക്കിന്ന്
പഴമതൻപുതുമകോർത്തൊരാ യൌവ്വനം
;മായ്ച്ചുമായ്ച്ചൊടുവിൽ തേയ്ച്ചുമിനുക്കിയ
ഛായകൊഴുപ്പിനാൽനിറമുള്ളവരയും കുറിയും തെളിയുന്നു;
കരിവർണ്ണകരവിരുതാംവരച്ചിട്ടചിത്രങ്ങൾ,ചിഹ്നങ്ങൾ,
കുഞ്ഞിളം ചിന്തകളൊക്കെമായാതെ
കുസൃതിതൻ ബാല്യബിംബങ്ങളാകുന്നു
അകലെയാംസ്വപ്നങ്ങളരികിലേക്കെത്തുമ്പോൾ
മറനൽകികരുതുമാചുവരുകൾ
മധുരമനോജ്ഞമാമൊരുമനോരാജ്യകാവലാ
മതിലിനുള്ളില്‍ മങ്കയ്ക്ക് ശബ്ദമാധവശകലങ്ങൽ
പൊഴിക്കുന്നു മണവാളൻ.
പാ‍ത്തിരുന്നൊരുപ്രാണിയേഭക്ഷിച്ചുമാറ്റാ‍നീ
ചുവരുതൻകെണിയൊരുക്കി ചിലന്തിയും,
പല്ലിയും,പഴുതാരയും പറ്റിപിടിച്ചങ്ങിരിക്കുന്നു.
മറയുള്ള....കെണി....കൂറുള്ള സാക്ഷീ....
ചുവരുകൾ.......!മങ്ങലും
വിങ്ങലും തേങ്ങലും കലരുമ്പോഴിറ്റു
വീണശ്രബിന്ദുക്കൾപടരുമീമുറിയിൽ
ഒടുവിലാമൌനത്തിൻ വാല്മീകം ജനിക്കുമ്പോൾ
പാപപങ്കിലമാം മോഹഭംഗമായി ചുവരുകൾ....!
മാമകമാനസതാരിൽ വിരിയുമാമാറാലമാർജനംചെയ്യാനാ
മാറാപ്പ് ചുമക്കുന്നുആ മാടത്തിനുള്ളിലും..
മൊഞ്ചുള്ളകൊഞ്ചലുമൊരുനൂറുനുണയും
കേട്ടുകേട്ടൊടുവിലാതഴമ്പിച്ചകാതുമായ്
ചുവരുകൾ.......


Tuesday 15 November 2011

ആരാച്ചാർ

ആരാച്ചാർ
ഇവിടെ നാം കേൾക്കുകയല്ലോ.......
നിരന്തരമൊരുവാക്ക് വധശിക്ഷ.
വാക്കുകൾ പ്രതിധ്വനിമാത്രമാകുമ്പോഴാ
ശ്വാസം നിലപ്പിച്ചുകൊല്ലുവാനാളില്ല
നാട്ടിലെന്നൊരുവാർത്തയും വന്നു..
മിച്ചമില്ലെങ്കിലും കച്ചകെട്ടിയിറങ്ങിയവരാ
കൊച്ചുമോഹങ്ങളുമായി ജീവിതയാത്രയി

ലന്നു.....കുരുക്കുതീർത്തവർ
കണഠ്പാശം മുറുകി
ചലനമറ്റ് വീഴുമാ മണ്ണിന്റെ
വിരിമാറിൽ കണ്ടുനിന്നവരുതിർക്കുന്ന
ശാപവാക്കിനാൽ ഭയന്നവർ
വിട്ടുപോയാ‍രംഗവേദിയിൽ നിന്നൊട്ടുമേ
മാനഹാനിയാൽ മനംനൊന്താ
ബന്ധു,പുത്ര,മിത്രാധികൾ മൊഴി നൽകി
വിധിപറഞ്ഞു:
വിളിപ്പേരു കേട്ടുമടുത്തുഞങ്ങൾ;
നിർത്താ നമുക്കീ കുലതൊഴിലിനിയുള്ളകാലം
കണ്ണ് തള്ളി കാൽകുടഞ്ഞാനിണഗന്ധമുള്ള
തറയിൽ തുടിപ്പറ്റുവീഴുന്ന കാഴ്ച്ചകണ്ടുമടുത്തവർ
ചിലരാ കർമ്മമണ്ഡലം വിട്ടുപോയൊറ്റക്കിരുന്നാ
സ്മരണകളയവിറക്കുന്നു.
നീതിപീഠം വീണ്ടും വിധിക്കുന്നു തൂക്കിലേറ്റാൻ
കൊലകയറിനിയും നീണ്ടുപോകുമ്പോഴാ നീതി
കാക്കുന്നജനത പഴിക്കുന്നു നടപ്പില്ലാനിയമത്തെയാകേ
ഗാന്ധിപരമ്പരയിലൊരു കണ്ണിയെ കൊന്നൊടുക്കിയവർ
പറയുന്നു;വിട്ടയക്കുക ഞങ്ങളെയാ
താഴിട്ടുപൂട്ടിയകൂട്ടിൽനിന്നും
കനലുവാരിയെറിഞ്ഞമ്മതൻ ഹൃത്തിലേക്കൊരു
രുധിരാഭിഷേകവാദി
കനകമോഹന സ്വപ്നവുമായി യാത്രചെയ്തൊരാ
യൌവ്വനം തുടിപ്പറ്റ് വീണാതെരുവിന്റെയോരത്ത്
ദീപ്തസ്മരണയാകുമ്പോൾ നെഞ്ചിൻ നെരിപ്പോട്
പൊട്ടികരയുന്നൊരമ്മമാർ പറയുന്നു;
നേരിന്റെ നീതിയാൽ കൊന്നൊടുക്കുക!
ക്രൂരനാം കാമത്തിൻ കാട്ടളവർഗ്ഗത്തെ.....!
ഗതിമാറിയെങ്കിലും തകൃതിയായി
വിധിപറഞ്ഞധിവേഗകോടതി!
വധശിക്ഷതന്നെ നടക്കട്ടെ...........
നരാധനന്മാർ മരിക്കട്ടെ..............
ആർപ്പൂവിളിച്ചും,പൂച്ചെണ്ട് നൽകിയും;
കൊട്ടിഘോഷിച്ചാവിധി വരവേറ്റുനാട്ടുകാർ
കൂറുകാട്ടികുലതൊഴിൽ ചെയ്തവർ
കൂടുമാറിപോയപ്പോൾ
കാലഹരണമാം വാക്കുമാത്രം മിച്ചമായി
‘“ആരാച്ചാർ

Monday 7 November 2011

ചെറുതുള്ളി....പെരുവെള്ളം

ചെറുതുള്ളി....പെരുവെള്ളം
മങ്ങലേറ്റകാശനീലിമതാഴത്ത്
വിടരുന്ന മഴമേഘകൂട്ടിൽനിന്നിറ്റു-
വീണൊരുതുള്ളി
പെറ്റിട്ടുചാറ്റമഴയെ.......!
വിതച്ചിട്ടകാർമേഘം കലിതുള്ളി
പെയ്തപ്പോൾ പെരുമഴക്കാലമായി........
മഴയിൽകലർന്നൊരെൻ മിഴിമുന
തേടിഞാൻ യാത്രയായ്...........
കണ്ടുഞാനകലെയാ
പെരുമഴക്കിടയിൽ പെട്ടുപോയെന്റെ
യൊരുതുള്ളി “കണ്ണുനീർ”
ഒരു തുള്ളി.......പലതുള്ളി
പെരുവെള്ളമൊടുവിൽ ഗതിമാറിയൊഴുകുമ്പോൾ
ഓർക്കുന്നു ഞാൻ;
പണ്ടൊരുനാൾ പെരുമാരിക്കൊപ്പം
കൊടുങ്കാറ്റിനാൽ പോയെന്റെ
“കുടുംബവും കൂരയും“
ഇന്ന് ഞാൻ കാണുന്നു;
ചെളിവെള്ളകെട്ടിലാണെങ്കിലും
ചെറുതുള്ളി കണ്ണുനീർ വേറിട്ടുതന്നെ............

Tuesday 18 October 2011

തപാൽ പെട്ടി

തപാൽ പെട്ടി
സ്മൃതി പഥങ്ങളിൽ തെളിയുമാ
വേറിട്ടകാർമേഘപടലങ്ങൾ
പെയ്തൊഴിഞ്ഞെങ്ങോ മറയുമ്പോൾ
സ്മരണതൻ കവലയിൽ
കാലുറപ്പിച്ചൊരുപെട്ടി കാത്തിരിക്കുന്നു


പഴിക്കുന്നു പാതയോര പദയാത്രികർ പലരും
“മാറ്റുക....മാർഗ്ഗത്തിൻ വിഘ്നമാം പെട്ടിയെ”
അകതട്ടിൽ വീണൊരാ
ചിന്തയും,ചിലപ്പും,പ്രണയവും
ചിതൽ പുറ്റാകുന്നുവോ....?

അതിർത്തിക്ക് കാവലാം പട്ടാളകാരന്റെ
കഴമ്പുള്ള കത്തിനായി പെറ്റമ്മകാത്തിരുന്നെത്രയോ
വട്ടമാ വഴിവക്കിൽ.......
ആർദ്രമാം പ്രേമബിംബങ്ങൾ
അടരാതെ പടർന്നതും
തളരാതെ നിന്നതും
ഇന്നിന്റെ നൊമ്പരം പേറുന്ന
പെട്ടിതന്നുള്ളിലെ കടലാസു
താളിന്റെ കനിവിനാലല്ലേ....?

ആ‍കുല ,വ്യാകുല ചിത്തരാ
ജനതയുടെ വാചകകൂട്ടിനാൽ
പൊഴിയുന്ന വർത്തമാനങ്ങൾ
വായിച്ചുമാറ്റിയതെന്നോ....
അകലെയാ കാന്തന്റെ ചിന്തയിൽ
വിടരുന്ന കൊലുസിന്റെ കൊഞ്ചലും
നറുചുംബനവും നനയാതെ വന്നതാ
പെട്ടിതൻ അകതാരിലൂടെ.......

ഉച്ചവെയിൽ വന്നെത്തും നേരത്തു
മ്മറപടിയിൽ കത്തിനായി
കാത്തൊരാ കാമിനിമാർ വഴിമാറി നിൽക്കുന്നു
ഒരു തുണ്ട്കടലാസിൽ വിരിയുന്ന
കൌമാര പ്രണയപുഷ്പ്പങ്ങൾ
വേരറ്റുമാറുമ്പോൾ;
പുതുമതൻ നെറുകയിൽ
വിസ്മയം തീർക്കുമാശബ്ദശകലങ്ങൾ
വിരൽ സ്പർശമേറ്റ് പായുന്നു;

കാലത്തിൻ കവലയിൽ കാത്തിരിപ്പിനിയും
പെട്ടിക്കു മാത്രമോ?

Friday 5 August 2011

അയാൾ

അയാൾ............
നീട്ടിവളർത്തിയാ താടിരോമങ്ങൾ തഴുകി
നടന്നുപോകുമാ മനുഷ്യൻ
തെരുവിന്റെ സാന്നിദ്ധ്യമാകുന്നു.
തഴുകുന്ന താടിരോമങ്ങളിൽ-
തങ്ങി നിന്നതൊരു നൈരാശ്യമെന്നാരോ പറഞ്ഞു.
പ്രണയത്തിൻ കെട്ടുപാടുകൾ
വിട്ടൊഴിഞ്ഞെത്തി യി നാട്ടുവഴിയിൽ
തിളങ്ങുന്ന കണ്ണുള്ളകാലത്ത്
കാമിച്ചു മടങ്ങിയാരോ.......ഒരു പെണ്ണ്.
കുലമഹിമ....കൂറ്കാട്ടിയവൾ....
അകലെ കുടുംബിനിയോ....?

കാലമേൽ‌പ്പിച്ച് പ്രഹരത്തിൽ-
മോഹഭംഗതാഴ്വരവിട്ട്
നാട്ടുവഴിലൊരു ഉലാത്തൽ.

പാവംയീ മനുഷ്യനെന്നു ചിലരും പറഞ്ഞു
തീർച്ചയില്ലെങ്കിലും ചേർച്ചയായത് ഒന്നു മാത്രം
മൂർച്ചയില്ലാതെ ഒതുങ്ങുന്ന മനുഷ്യൻ
കൂട്ടിലമരാതെ ചിലയ്ക്കാതെ....ചലിയ്ക്കുന്ന മനുഷ്യൻ
കുലം വിട്ടുവന്നു ഒടുവിൽ തെരുവിനെ പ്രണയിച്ചു
തിരിച്ചുകിട്ടാൻ ഒന്നുമില്ലെങ്കിലും

കൂട്ടുകൂടാൻ ആരുമില്ലെങ്കിലും
തെരുവിനായി ഒരു വേറിട്ടകാഴ്ച നൽകാൻ

Tuesday 26 July 2011

മാറാത്ത പാടുകൾ പോലെ.............


മാറാത്ത പാടുകൾ പോലെ.............

ഇന്ന് ജുലായ് 13
കലണ്ടറിൽ ഒരു ദിനം കൂടി മാറുന്നു.
മുൻപ് നടുക്കം സമ്മാനിച്ച
ദിനത്തിനു പന്ത്രണ്ട് നാൾകൂടി അകലം.
നഗരമുഖം തെളിഞ്ഞുനിന്നു
പതിവായി വന്നു പോകുന്ന
സന്ധ്യയെ വരവേൽക്കുവാൻ.
മഴമേഘങ്ങൾ അകലെ അടുത്തുകൂടി
പേയ്യാനുള്ള കൂടി ആലോചനപോലെ.
വെളിച്ചം മങ്ങി തുടങ്ങി.

നിരത്തിലൂടെ ജോലിഭാരംമിറക്കി
ഒരു മടക്കയാത്രയിൽ ചിലർ
ഓർക്കാനിഷ്ടമില്ലാത്ത ദുരിതകാഴ്ച്ചകൾ-
മായ്ച്ചു കളഞ്ഞവർ യി ജീവിതയാത്രയിൽ.
വീട്ടിലേക്കുള്ള യാത്രയിൽ മക്കൾക്ക്
മധുരംവാങ്ങി മടങ്ങുവാൻ മറ്റുചിലർ.
തിരക്കുവിട്ടുമാറാതെ നിരത്ത്നീങ്ങുന്നു-
സന്ധ്യയെ മടക്കുവാനുള്ള തിടുക്കത്തിൽ.
ഇരുട്ടു വീഴാൻ കൊതിക്കുന്നവർ---
മിടുക്കൻമാരായി മാറിനിന്നു.
ലക്ഷ്യബോധം വെടിയാതെ ജന്മദിനസമ്മാനം ഒരുക്കുവാൻ.
ഒരുക്കി വച്ച ചോറ്റുപാത്രത്തിലൊരു-
ബോംബു കക്ഷണം പൊട്ടിതെറിച്ചു.
പിന്നെ തുരു തുരാ........പൊട്ടി...........
പോറ്റുവാനായി പായുന്നജനത -
ചോറ്റു പാത്രസ്പോടനത്തിൽ പെട്ടുപോയി.
കരിഞ്ഞുപോയ സ്വപ്നങ്ങൾ ബാക്കിപത്രം
ഇറ്റുവീണ ചോരയിൽ കുതിർന്നവർ
പച്ചമണ്ണിൽ ഒടുങ്ങി.
കുരുതികൊണ്ട് വാക്കുപാലിച്ചവർ മടങ്ങി
കണ്ടു തീർക്കുക യി ദുരിതകാഴ്ച്ച..........
അറ്റുപോയ അംഗബന്ധങ്ങൾ ഒട്ടുമേ-
മങ്ങലേൽക്കാതെ..................
ചോരകൊണ്ട് കളം വരച്ചവർ
അകലെ വിജയകാളം മുഴക്കി മാറിനിന്നു.
കരുതിവച്ച മഴ വൈകിയാ‍ണങ്കിലും-
പെയ്തു യി നഗരമാകെ.
ബാക്കിവച്ചുപോയ തെളിവുകൾ മഴ മായ്ച്ചതായി-
വാർത്തയും വന്നു.
അങ്ങനെ ഓർമ്മയുടെ കലണ്ടറിൽ ഒരു ദിനം കൂടി..............
##### ######


Friday 22 July 2011

നിഴൽ

നിഴൽ


വ്യർത്ഥമായിരുന്നെങ്കിലും,
എന്റെ മോഹങ്ങൾക്ക് ഒരിക്കൽ
ചിറക്നൽകിയതവളാണ്.
സഫലമോഹങ്ങളിലേക്കു ഞാൻ
പറന്നു നോക്കി.
ചിറകടിയൊച്ച കേട്ടവൾ
തിരിഞ്ഞുനോക്കി

അകലെയാണെങ്കിലും കണ്ടവൾ;
എന്റെ ആ ചിറകുകൾ വിറയ്ക്കുന്നത്.
കരുണകാട്ടാൻ കഴിയാതെ
അവൾ അകലേയ്ക്കു തന്നെ...........
ഒടുവിൽ ആരും അറിയാതെയെൻ
വിറയാർന്ന ചിറകുകൾ അറ്റുവിണു.
അവസാനനോട്ടം തലയുയർത്തി ദൂരെ-
അവളിലേക്ക്....ഒരു മാത്രകൂടി.......
പിന്നെ വെയിലേറ്റ് ഒരു പാട് കാതംമുന്നിലേക്ക്.

ഒടുവിൽ“ മഴ”വന്നു കെടുത്തി ആ‘ പകലിനെ’
വിഘ്നം വന്നു വഴിയാത്രമുടങ്ങി.
മഴ അന്ന് രാത്രിയിലേക്കു നിളാതെ
പകലിൽ മാത്രമായി പെയ്തു തീർത്തു.
നിശയിലേക്കായി യാത്രമാറ്റി....

Wednesday 20 July 2011

ന്യായവിധി


ന്യായവിധി


വിരുന്നു മുറിയിലാ വിനോദ വിഞ്ജാന
പെട്ടിയിലൊരു പുതുമയുള്ള കാഴ്ച.
സന്തോഷ സാന്ദ്രം പിരിമുറുക്കം.
ഒടുവിൽ കണ്ണു നീർതുള്ളി വീണു നനയുന്നു.
നാട്ടു വർത്തമാനങ്ങളിൽ വന്നുപെട്ടു ..
“ഈ റിയാലിറ്റി”
ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തൊരു
മുഖചിത്രങ്ങൾ
വർണ്ണ വിസ്മയം തീർത്തൊരു വേദിയിൽ
പച്ചമലയാളം ഉച്ചാരണം മാറ്റി “അവതാരകർ“
ഇവിടെ പുതുമയുടെ പരിവേഷം തീർക്കുന്നു
കണ്ണുകൾക്കെത്ര ഭാവവ്യത്യാസം
നൽകുമാ ക്യാമറ.
പുതിയ നിറം നൽകുന്നു പുതുമയുള്ള കണ്ണീരിനു.
കരഞ്ഞു കലങ്ങിയ കണ്ണുമായി അവർ.
വിധിയെഴുത്തിന്റെ കെട്ടഴിക്കുവാൻ കാത്തിരിക്കുന്നു.
പാതിയിൽ അടിത്തെറ്റി വീണവർ വീണ്ടും വരുന്നു...........
ഒടുവിൽ വേദി വിട്ടൊഴിയുന്ന കൂട്ടുകാർ.
സമ്മാനപെരുമഴ പെയ്യിച്ച് പരസ്യ കമ്പനി വമ്പന്മാർ.
പട്ടിണി കഥയുമായി എത്തുന്നയാളിന്
ഒരു കെട്ടിടം സ്വന്തമായ്.......
നികുതിഭാ‍രം ചുമന്നുമാറ്റി സ്വന്തമാക്കാം
അവർക്കായി ആ സമ്മാനം.
സംഘമായിരുന്നു സംഗതികൾ വേണ്ടത്ര വിലയിരുത്തി.
ഒടുവിൽ കൂട്ടി കലർത്തിയാ മാർക്കിന്റെ മാനദണ്ഡം തീർക്കുന്നു.
മാർക്ക് നൽകി മാഷുമാർ വിട്ടൊഴിഞ്ഞു.
അകലെ നിന്നെത്തി പുതിയ വിധികർത്താക്കൾ.
കൈ വെള്ളയിൽ കാര്യങ്ങൾ
സുഭദ്രം...... മറിമായം...... സൂഷ്മം.....
എസ് എം എസ്





Tuesday 19 July 2011

വാകമരവും പിന്നെ ഞാനും


വാകമരവും പിന്നെ ഞാനും


ആദ്യം എഴുതിയതു പ്രണയ കവിത
പറയാൻ കൊതിച്ചതു കവിതയായ് മാറി
ബിംബങ്ങൾ കോർത്തതു പൂർത്തിയാക്കി
കടമെടുത്തൊരുപാടു വാക്കുകൾ കൂട്ടായ്
നിർത്താതെ ആ തൂലിക ചലിച്ചു
ഒടുവിൽ കവിത പോലെൻ
പ്രണയ ലേഖനം ജനിച്ചു
നൂറുവാക്കുകൾ കൂട്ടിക്കലർത്തിയെൻ
പ്രണയ കാവ്യ ലേഖനം
കൈമാറി ആ പ്രണയിനിയ്ക്ക്;
പ്രണയ സന്ദേശക്കൈമാറ്റം കണ്ടത്
വാകമരം മാത്രം!
ഒറ്റവാക്കുത്തരം നൽകിയവൾ
മുഖം തിരിച്ചു
മടക്കിയന്നുതന്നെ ഞാനാ
പ്രണയ സന്ദേശം
വാകമരം തണലും സാക്ഷിയും
വീണ്ടും വാകച്ചുവട്ടിലേയ്ക്കൊരു യാത്ര
തെളിവെടുപ്പിനായ്
ഓർമ്മകൾ പകുത്തെടുത്ത്
ഒരിക്കൽ കൂടി പരതി നോക്കി ഞാനെന്റെ
പകുതി മങ്ങിയ കാഴ്ചയിലാ മരം
വാ‍ക നിന്ന മണ്ണിലൊരു ചെറു വൃക്ഷത്തൈ മാത്രം;
വാകയ്ക്കു വില നൽകിയാരോ മുറിച്ചുമാറ്റി,
പകരമൊരു തൈനട്ടു കരുണ കാട്ടി!
പ്രതിഫലമില്ലാതെ പ്രണയ സാക്ഷിയായ ആ മരം
കണ്ടു കൊതിച്ചു, ഒടുവിൽ മരിച്ചു!
സാക്ഷിയില്ലാതെ തള്ളിയെന്റെ
പ്രണയ ലേഖനക്കൈമാറ്റ-
‘കുറ്റം’ അങ്ങനെ!

Monday 18 July 2011

നേർക്കാഴ്ച


നേർക്കാഴ്ച


കവല യോഗങ്ങൾക്കു കാതോർക്കുമ്പോൾ
കേട്ടു പോയീ വാക്കുകൾ
‘ചെറുക്കുക നമ്മളീ ‘പേറ്റന്റുകൾ!’
വരികയായി അകലെ നിന്നാ
പുതിയ വക്താക്കൾ
പേരു ചൊല്ലി വിളിച്ചു
‘ആഗോളവൽക്കരണം’
കാലമിതു കണ്ടു തീർക്കട്ടെ
അനുഭവ പരിച്ഛേദങ്ങൾ
വരവേല്പ് ഗംഭീരമാക്കാൻ
വില വാങ്ങി നൽകിയ നയം
സമ്മാനമായും
പൊരുതി നേടിയ സ്വാതന്ത്ര്യം
പ്രതിഫലമായും നൽകി
വിലയേറി കടമേറി
നാട്ടു വ്യാപാരികൾ പൂട്ടി
കടൽ കടന്ന് കൂട്ടു വ്യാപാരികൾ
വരുമ്പോൾ അവർക്ക്
സമ്മാനിക്കാൻ മണ്ണും മനസും
ഒടുവിൽ ശരീരം തന്നെയും!
കണ്ണാടി കൂട്ടിലെ നിറമുള്ള സൃഷ്ടികൾ,
കൌതുകക്കാകാഴ്ചകളാകുന്ന
ബിഗ് ബസാറുകൾ
കാഴ്ച ബംഗ്ലാവുകൾ!
അകലെ നിന്നൊരു യന്ത്രവാഹിനി;
നാട്ടുകാർക്കത് പുതുമയുള്ളൊരു കാഴ്ച!

‘മണമുള്ള വരുന്നിൻ ഗുണമുള്ള വിളവ്!’
പരസ്യ വാചകം കേട്ട്
മരുന്നു തുള്ളികൾ തളിച്ച്
വിളവെടുത്തവർ ദുരിത ബാധിതർ!

ആകാശത്തിലൂടെ അപ്പോഴും
മരുന്നു വാഹനങ്ങൾ
ഇരമ്പി നീങ്ങുന്നുണ്ടാകും!

വിങ്ങലായ് തേങ്ങലായ്
പിന്നെ ഒരു നിലവിളിയായി!
മങ്ങലേറ്റ കാഴ്ചകളിൽ
അവ്യക്തമായി അപ്പോഴും
കണ്ടു തീർക്കുകയീ പേറ്റന്റുകൾ!

വഴിതെറ്റിയ മടക്കയാത്ര


വഴിതെറ്റിയ മടക്കയാത്ര


നിറമുള്ള നൂറു സ്വപ്നങ്ങൾ നെയ്തു
നാട്ടിൻപുറത്തെ സൌഹൃദ സങ്കല്പ നിരത്തിൽ
ഒത്തിരി നേരത്തേയ്ക്ക്
അധ്വാനത്തിരക്കിനൊരല്പശമനം
ഇടവേളയൊന്നു ഹൃദ്യമാക്കുവാൻ
ആ യാത്ര വീട്ടിലേയ്ക്ക്......
പായുന്ന വണ്ടിയിൽ ശബ്ദം ഉച്ചത്തിലായി
സഹയാത്രികർ വഴിയിലെവിടെയോ പിരിഞ്ഞു
ഏകയായി അവൾ
ഭീതിയുടെ നിഴല്പാടുകൾ ചുറ്റിലും!
അറിയാതെ ഹൃദയം താളം മാറി
ഇരുളടഞ്ഞ ഇടനാഴിയിൽ
പതിയിരുന്നവൻ
പറിച്ചെടുത്ത് ആ യൌവ്വന സ്വപ്നങ്ങളെ
പ്രതികരണമറ്റവൾ
നിലത്തു വീണു
പിച്ചിച്ചീന്തിയ ശാരികയേ......
അവസാന നിലവിളി ആരും കേട്ടില്ല
ഹൃദയതാളം നിലച്ചുറക്കമായ്
ചോരപ്പടുമായി അവൾ....
ആ പച്ചമണ്ണിൽ!

മഴമേഘങ്ങൾ


മഴമേഘങ്ങൾ


അടച്ചിട്ട മുറിയ്ക്കുള്ളിൽ
തുറന്നിട്ട ജനാലയിലൂടെ
കാറ്റ് അകത്തേയ്ക്ക് തന്നെ!

അതു സാധാരണ കാറ്റായിരുന്നില്ല;
നേരത്തേ വന്ന മഴ്യ്ക്ക്
കൂട്ടിനു വന്നതാണ്!

ഇവിടെ വന്ന ശേഷം
ഇന്നു മാത്രമാണ്
പുറത്ത് നിരത്തിലേയ്ക്ക്
ഞാൻ നോക്കിയത്

ആരുമില്ലാത്തവനെ
അടുത്ത മുറിയിലെ സ്നേഹിതൻ
കൂട്ടിക്കൊണ്ടുവന്ന് കിടത്തിയതാണ്,
ഈ ആശുപത്രിക്കിടക്കയിൽ!

ഇന്നലെക്കൂടി കണ്ട സ്വപ്നത്തിൽ
ഒരു ഒറ്റപ്പെടലിന്റെ
നേർത്ത നൊമ്പരമുണ്ടായിരുന്നു.......

അമ്പത്തഞ്ചിലും അവിവാഹിതൻ!

സർക്കാർ സേവനം കഴിഞ്ഞിരിക്കുന്നു
ഇതിനകം അന്തസും ആഭിജാത്യവുമുള്ള
കുറെ രോഗങ്ങളും നേടി!

എല്ലാം മറന്നു പോയതിന്റെ
ശിക്ഷയാണോ ഈ ഒറ്റപ്പെടൽ?
ആയിരിക്കാം!

പണ്ട് പ്രണയമുണ്ടായിരുന്നു;
ഗോതമ്പു മണിയുടെ നിറമുള്ള
സുന്ദരിയോട്.....
അവളിന്ന് അമ്മയും മുത്തശിയുമായി!

പിന്നെയുമുണ്ടായിരുന്നു പ്രണയം;
ഒരു കറുത്ത സുന്ദരിയായിരുന്നു!
അവളും മെല്ലെമെല്ലെ അകന്നുപോയി.......

അല്ലെങ്കിൽ തന്നെ കറുപ്പിനും വെളുപ്പിനും
ഇടയിലാണല്ലോ,
എന്റെ സ്വപ്നങ്ങൾക്ക് പൂക്കാലമുണ്ടാകുന്നതും
പിന്നെ അവ കൊഴിഞ്ഞു വീഴുന്നതും!

ഓർമ്മകളിൽ അതൊക്കെ
ഇന്നൊരു സമാന്തര ജീവിതം.....

വേദന അലട്ടിയ ദിനങ്ങൾക്ക്
ഇന്നലെ രാത്രി അറുതിയായി;
അതുവരെ തീപിടിച്ച ആ വേദനയ്ക്ക്
ഇപ്പോൾ ഒരു ശമനമുണ്ട്!

ഇന്നു ഞാൻ ജനാലയെ
ശ്രദ്ധിച്ചു തുടങ്ങി;

ജനലഴികളിലൂടെ പുറത്തേയ്ക്കു നോക്കി
നിരത്തിൽ തിരക്കുതന്നെയാണ്;
ആരുടെയൊക്കെയോ
എന്തിനൊക്കെയോ
വേണ്ടിയുള്ള തിരക്കുകൾ.......!

ദൂരെ പെയ്തൊഴിഞ്ഞ കാർമേഘങ്ങൾ
വീണ്ടും അടുത്തുകൂടിയിരിക്കുന്നു
അടുത്ത മഴയ്ക്കുള്ള ആലോചനകൾക്കായി;
എന്നിൽ പെയ്തൊഴിയുന്ന
ഓർമ്മകളെ പോലെ തന്നെ!

മഴമേഘങ്ങൾക്ക് ഇനിയും പെയ്തേ മതിയാകൂ;
അതുപോലെ എന്റെ ഓർമ്മകൾക്കും!

മഴമേഘങ്ങൾക്ക് അറിയില്ല
ആർക്കു വേണ്ടിയാണ് തങ്ങളിങ്ങനെ
പെയ്തൊഴിയുന്നതെന്ന്!

എന്നിൽ നിറയുന്ന ബാഷ്പങ്ങളായും
അവപിന്നെ ഓർമ്മയുടെ മഴമേഘങ്ങളായും
പെയ്തുകൊണ്ടിരിക്കുന്നതെന്തിനാണെന്ന്
എനിക്കുമറിയില്ല!

Sunday 17 July 2011

പുതിയൊരു ബ്ലോഗ്ഗർ


പുതിയൊരു ബ്ലോഗ്ഗർ

പ്രിയമുള്ള ബൂലോകരെ,

ബ്ലോഗത്തേയ്ക്ക് ഒരു നവാഗതൻ കൂടി എത്തുകയാണ്; ജി.എൽ.അജീഷ്!

പൊതുപ്രവർത്തകനും പത്ര പ്രവർത്തകനും കൂടിയായ അജീഷ് ഇതുവരെ ഒളിപ്പിച്ചു വച്ചിരുന്ന തന്റെ കവിതകളും മറ്റ് രചനകളും ഇനി സ്വയം പ്രകാശിപ്പിക്കുകയാണ്. ബ്ലോഗിനെക്കുറിച്ചും അതിന്റെ സാദ്ധ്യതകളെക്കുറിച്ചും മുമ്പേ തന്നെഅല്പം ചില കാര്യങ്ങൾ ഈയുള്ളവനവർകൾ പറഞ്ഞു കൊടുത്തിരുന്നു. ഇങ്ങനെയൊരു മാധ്യമം ഉള്ളപ്പോൾ ഇനിയും സർഗ്ഗവാസനകളെ എന്തിന് അടക്കി വയ്ക്കുന്നുവെന്ന വിചാരം ഇപ്പോഴാണ് ഈ യുവകോമളന് കലശലായി ഉണ്ടായത്.

ബൂലോകം ഓൺലെയിനിന്റെ ബ്ലോഗ് ലിറ്ററസി പ്രോഗ്രാമുമായി നടക്കുന്ന ഈയുള്ളവനവർകളുടെ മുന്നിൽ അങ്ങനൊരാൾ വന്നു പെട്ടാലുള്ള അവസ്ഥ അറിയാമല്ലോ? ബ്ലോഗും തുടങ്ങി പോസ്റ്റും ഇട്ട് അനുഗ്രഹവും ചോദിപ്പിച്ചേ വിടുകയുള്ളൂ! അത് ഇവിടെയും സംഭവിക്കുന്നു.

അജീഷിന് മലയാളം ടൈപ്പിംഗ് നന്നായി വശമായിട്ടില്ല. അതിനാൽ ആദ്യ പോസ്റ്റുകളിൽ അല്പം ചില കൈകടത്തലുകൾ നടത്തേണ്ടി വന്നിട്ടുണ്ട്. ഇതിനകം പുള്ളിയ്ക്ക് യൂണിക്കോഡ് ഫോണ്ടിനെക്കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ട്. കീമാൻ ടൈപ്പിംഗ് പരിശീലനം നടക്കുന്നു.

തന്റെ പത്ര പ്രവർത്തനത്തിന് ഇത് കൂടുതൽ സൌകര്യം നൽകും. വാർത്തകൾ ടൈപ്പ് ചെയ്ത് ഫാക്സ് ചെയ്യാൻ ഇനി എളുപ്പമാണ്. ഒപ്പം അത്യാവശ്യം വാർത്തകൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുവാനും സാധിക്കും.

എന്തായാലും ഓർക്കുട്ടിനപ്പുറത്തും ഇന്റെർനെറ്റിൽ ഒരു ലോകണ്ടെന്ന അറിവ് ഈ നവാഗത ബ്ലോഗറെ ആവേശഭരിതനാക്കിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഏതാനും കവിതകളുമായാണ് ബൂലോകത്തെ അഭിമുഖീകരിക്കുന്നത്. എല്ലവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.



ഇനി പുതിയ ബ്ലോഗ്ഗറുടെ ആമുഖക്കുറിപ്പും ആദ്യ പോസ്റ്റും.

ബൂലോകം ഇത്ര സംഭവബഹുലമാണെന്ന് അറിയാൻ അല്പം വൈകി. നാട്ടിൽ കൊച്ചുകൊച്ചു കാര്യങ്ങളുമായി നടക്കുന്ന ഒരു തനി ഗ്രാമീണനാണ് ഈ വിനീതൻ.

എപ്പോഴൊകെയോ കുത്തിക്കുറിച്ച ചില വരികൾ ഉണ്ടായിരുന്നു. അത് കവിതയായി അംഗീകരിക്കപ്പെടുമോ എന്ന സംശയവുമായി ഈ വിശ്വമനവികം ബ്ലോഗ്ഗർ സജിം സാറിനെ സമീപിച്ചതായിരുന്നു. ആരെങ്കിലും കണ്ടാലല്ലേ അംഗീകരിക്കുമോ ഇല്ലയോ എന്നറിയാൻ കഴിയൂ എന്നായി അദ്ദേഹം. ബ്ലോഗെന്ന വിശാലമായ മാധ്യമം തുറന്നിട്ടിരിക്കുമ്പോൾ സർഗ്ഗവാസനകളെ ഉള്ളിലിട്ട് ഞെരിച്ചു കൊല്ലുന്നത് ക്രൂരവും പൈശാചികവും നിയമ വിരുദ്ധവുമാണെന്നും കൂടി അദ്ദേഹം നർമ്മോക്തിയിൽ പറഞ്ഞു!

ഈയുള്ളവനിൽ സർഗ്ഗ വാസനകൾ വല്ലതും ഉണ്ടായിരുന്നോ, ഇപ്പോഴും ഉണ്ടോ, ഇനിയും ഉണ്ടാകാൻ ഇടയുണ്ടോ എന്നൊന്നും സ്വയം അറിവില്ല. അഥവാ ഇല്ലെങ്കിൽ അല്പം സർഗ്ഗ വാസന ക്രമേണ ഉണ്ടാക്കി എടുക്കാൻ ആഗ്രഹിക്കുന്നത് അത്യാഗ്രഹമാണെങ്കിൽ ക്ഷമിക്കുക. അതൊക്കെ ഇനി ബൂലോകരുടെ തീരുമാനത്തിനു വിടുന്നു.

കവിതയാണെന്ന് കരുതി ഞാനെഴുതിയ കുറെ മലയാള വാക്കുകൾ നിങ്ങൾക്കു മുന്നിലേയ്ക്ക് വാരി വലിച്ചിടുന്നു. വെട്ടും തിരുത്തും വരുത്താൻ ആരുമില്ലാത്ത ഈ സ്വയം പ്രസാധനത്തിൽ അല്പജ്ഞാനിയായ ഈ വിനീത വിധേയനും എഴുതുന്നതിൽ തെറ്റുകുറ്റങ്ങൾ വരുമെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ട കാര്യമില്ലല്ലോ. ഇവിടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാനും തിരുത്താനും തിരുത്തിക്കാനും വായനക്കാരുടെ സഹായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നെ ബൂലോകത്തേയ്ക്ക് കടക്കാൻ പ്രോത്സാഹിപ്പിക്കുകയും ബ്ലോഗ് നിർമ്മിച്ചു തരികയും ചെയ്ത വിശ്വമാനവികം ബ്ലോഗ്ഗർ സജിം സാറിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ആദ്യ പോസ്റ്റിടുന്നു. താഴെ കാണുന്ന മലയാള അക്ഷരങ്ങൾ കവിതയെന്നൊരു (ഗദ്യകവിതയാണേ!) ലേബൽ ചാർത്തിയത് അഹങ്കാരമണെങ്കിൽ ക്ഷമിക്കുക. അല്ലെങ്കിൽ സഹിക്കുക; അല്ലപിന്നെ!

കവിത

മഴമേഘങ്ങൾ

അടച്ചിട്ട മുറിയ്ക്കുള്ളിൽ
തുറന്നിട്ട ജനാലയിലൂടെ
കാറ്റ് അകത്തേയ്ക്ക് തന്നെ!

അതു സാധാരണ കാറ്റായിരുന്നില്ല;
നേരത്തേ വന്ന മഴ്യ്ക്ക്
കൂട്ടിനു വന്നതാണ്!

ഇവിടെ വന്ന ശേഷം
ഇന്നു മാത്രമാണ്
പുറത്ത് നിരത്തിലേയ്ക്ക്
ഞാൻ നോക്കിയത്

ആരുമില്ലാത്തവനെ
അടുത്ത മുറിയിലെ സ്നേഹിതൻ
കൂട്ടിക്കൊണ്ടുവന്ന് കിടത്തിയതാണ്,
ഈ ആശുപത്രിക്കിടക്കയിൽ!

ഇന്നലെക്കൂടി കണ്ട സ്വപ്നത്തിൽ
ഒരു ഒറ്റപ്പെടലിന്റെ
നേർത്ത നൊമ്പരമുണ്ടായിരുന്നു.......

അമ്പത്തഞ്ചിലും അവിവാഹിതൻ!

സർക്കാർ സേവനം കഴിഞ്ഞിരിക്കുന്നു
ഇതിനകം അന്തസും ആഭിജാത്യവുമുള്ള
കുറെ രോഗങ്ങളും നേടി!

എല്ലാം മറന്നു പോയതിന്റെ
ശിക്ഷയാണോ ഈ ഒറ്റപ്പെടൽ?
ആയിരിക്കാം!

പണ്ട് പ്രണയമുണ്ടായിരുന്നു;
ഗോതമ്പു മണിയുടെ നിറമുള്ള
സുന്ദരിയോട്.....
അവളിന്ന് അമ്മയും മുത്തശിയുമായി!

പിന്നെയുമുണ്ടായിരുന്നു പ്രണയം;
ഒരു കറുത്ത സുന്ദരിയായിരുന്നു!
അവളും മെല്ലെമെല്ലെ അകന്നുപോയി.......

അല്ലെങ്കിൽ തന്നെ കറുപ്പിനും വെളുപ്പിനും
ഇടയിലാണല്ലോ,
എന്റെ സ്വപ്നങ്ങൾക്ക് പൂക്കാലമുണ്ടാകുന്നതും
പിന്നെ അവ കൊഴിഞ്ഞു വീഴുന്നതും!

ഓർമ്മകളിൽ അതൊക്കെ
ഇന്നൊരു സമാന്തര ജീവിതം.....

വേദന അലട്ടിയ ദിനങ്ങൾക്ക്
ഇന്നലെ രാത്രി അറുതിയായി;
അതുവരെ തീപിടിച്ച ആ വേദനയ്ക്ക്
ഇപ്പോൾ ഒരു ശമനമുണ്ട്!

ഇന്നു ഞാൻ ജനാലയെ
ശ്രദ്ധിച്ചു തുടങ്ങി;

ജനലഴികളിലൂടെ പുറത്തേയ്ക്കു നോക്കി
നിരത്തിൽ തിരക്കുതന്നെയാണ്;
ആരുടെയൊക്കെയോ
എന്തിനൊക്കെയോ
വേണ്ടിയുള്ള തിരക്കുകൾ.......!

ദൂരെ പെയ്തൊഴിഞ്ഞ കാർമേഘങ്ങൾ
വീണ്ടും അടുത്തുകൂടിയിരിക്കുന്നു
അടുത്ത മഴയ്ക്കുള്ള ആലോചനകൾക്കായി;
എന്നിൽ പെയ്തൊഴിയുന്ന
ഓർമ്മകളെ പോലെ തന്നെ!

മഴമേഘങ്ങൾക്ക് ഇനിയും പെയ്തേ മതിയാകൂ;
അതുപോലെ എന്റെ ഓർമ്മകൾക്കും!

മഴമേഘങ്ങൾക്ക് അറിയില്ല
ആർക്കു വേണ്ടിയാണ് തങ്ങളിങ്ങനെ
പെയ്തൊഴിയുന്നതെന്ന്!

എന്നിൽ നിറയുന്ന ബാഷ്പങ്ങളായും
അവപിന്നെ ഓർമ്മയുടെ മഴമേഘങ്ങളായും
പെയ്തുകൊണ്ടിരിക്കുന്നതെന്തിനാണെന്ന്
എനിക്കുമറിയില്ല!

ചുമ്മാ അറിവില്ലായ്മകളെ പഴിച്ചിട്ടെന്ത്?