Monday 18 July 2011

മഴമേഘങ്ങൾ


മഴമേഘങ്ങൾ


അടച്ചിട്ട മുറിയ്ക്കുള്ളിൽ
തുറന്നിട്ട ജനാലയിലൂടെ
കാറ്റ് അകത്തേയ്ക്ക് തന്നെ!

അതു സാധാരണ കാറ്റായിരുന്നില്ല;
നേരത്തേ വന്ന മഴ്യ്ക്ക്
കൂട്ടിനു വന്നതാണ്!

ഇവിടെ വന്ന ശേഷം
ഇന്നു മാത്രമാണ്
പുറത്ത് നിരത്തിലേയ്ക്ക്
ഞാൻ നോക്കിയത്

ആരുമില്ലാത്തവനെ
അടുത്ത മുറിയിലെ സ്നേഹിതൻ
കൂട്ടിക്കൊണ്ടുവന്ന് കിടത്തിയതാണ്,
ഈ ആശുപത്രിക്കിടക്കയിൽ!

ഇന്നലെക്കൂടി കണ്ട സ്വപ്നത്തിൽ
ഒരു ഒറ്റപ്പെടലിന്റെ
നേർത്ത നൊമ്പരമുണ്ടായിരുന്നു.......

അമ്പത്തഞ്ചിലും അവിവാഹിതൻ!

സർക്കാർ സേവനം കഴിഞ്ഞിരിക്കുന്നു
ഇതിനകം അന്തസും ആഭിജാത്യവുമുള്ള
കുറെ രോഗങ്ങളും നേടി!

എല്ലാം മറന്നു പോയതിന്റെ
ശിക്ഷയാണോ ഈ ഒറ്റപ്പെടൽ?
ആയിരിക്കാം!

പണ്ട് പ്രണയമുണ്ടായിരുന്നു;
ഗോതമ്പു മണിയുടെ നിറമുള്ള
സുന്ദരിയോട്.....
അവളിന്ന് അമ്മയും മുത്തശിയുമായി!

പിന്നെയുമുണ്ടായിരുന്നു പ്രണയം;
ഒരു കറുത്ത സുന്ദരിയായിരുന്നു!
അവളും മെല്ലെമെല്ലെ അകന്നുപോയി.......

അല്ലെങ്കിൽ തന്നെ കറുപ്പിനും വെളുപ്പിനും
ഇടയിലാണല്ലോ,
എന്റെ സ്വപ്നങ്ങൾക്ക് പൂക്കാലമുണ്ടാകുന്നതും
പിന്നെ അവ കൊഴിഞ്ഞു വീഴുന്നതും!

ഓർമ്മകളിൽ അതൊക്കെ
ഇന്നൊരു സമാന്തര ജീവിതം.....

വേദന അലട്ടിയ ദിനങ്ങൾക്ക്
ഇന്നലെ രാത്രി അറുതിയായി;
അതുവരെ തീപിടിച്ച ആ വേദനയ്ക്ക്
ഇപ്പോൾ ഒരു ശമനമുണ്ട്!

ഇന്നു ഞാൻ ജനാലയെ
ശ്രദ്ധിച്ചു തുടങ്ങി;

ജനലഴികളിലൂടെ പുറത്തേയ്ക്കു നോക്കി
നിരത്തിൽ തിരക്കുതന്നെയാണ്;
ആരുടെയൊക്കെയോ
എന്തിനൊക്കെയോ
വേണ്ടിയുള്ള തിരക്കുകൾ.......!

ദൂരെ പെയ്തൊഴിഞ്ഞ കാർമേഘങ്ങൾ
വീണ്ടും അടുത്തുകൂടിയിരിക്കുന്നു
അടുത്ത മഴയ്ക്കുള്ള ആലോചനകൾക്കായി;
എന്നിൽ പെയ്തൊഴിയുന്ന
ഓർമ്മകളെ പോലെ തന്നെ!

മഴമേഘങ്ങൾക്ക് ഇനിയും പെയ്തേ മതിയാകൂ;
അതുപോലെ എന്റെ ഓർമ്മകൾക്കും!

മഴമേഘങ്ങൾക്ക് അറിയില്ല
ആർക്കു വേണ്ടിയാണ് തങ്ങളിങ്ങനെ
പെയ്തൊഴിയുന്നതെന്ന്!

എന്നിൽ നിറയുന്ന ബാഷ്പങ്ങളായും
അവപിന്നെ ഓർമ്മയുടെ മഴമേഘങ്ങളായും
പെയ്തുകൊണ്ടിരിക്കുന്നതെന്തിനാണെന്ന്
എനിക്കുമറിയില്ല!

No comments: