Wednesday 25 January 2012

സഖാവ്....................

സഖാവ്....................

അമ്മതൻ മടിയിൽ തലചായ്ച്ചൊരു
തരാട്ടുപാട്ടു കേൾക്കവേ കണ്ണുകൾ
പതിച്ചൊരാ ഭിത്തിമേൽ തൂക്കിയ
ചില്ലുവച്ചൊരു ചിത്രവും ചുവപ്പുമാലയും

കരുതിവച്ചവാക്കുകൾ കവിതപോൽ
ചൊല്ലുമാ അമ്മകൌശലംകാട്ടി വിരൽചൂണ്ടി
വിസ്മയംതീർത്തു ;ചുവരിലായിങ്ങനെ നിലകൊള്ളും
ചിത്രചരിതത്തിങ്കൽ മുത്തച്ഛനുറങ്ങുന്നു ദേ....!

ഹരിതവർണ്ണഭൂവിൽ രുധിരവർണ്ണക്കൊടി
ഉയരവേ ബധിരകർണ്ണങ്ങൾ തുറക്കുമാറു
ച്ചത്തിലൊരുണർത്തുപാട്ടായി ഉയരുമാ
ഇങ്ക്വിലാബിൻ ഈരടിയാലൊരു സമരവേദി...

കണ്ഠനാളം തുറന്നാ കർമ്മമണ്ഡലസമരവീഥിയിൽ
കരുതലോടെ വന്നടുത്തൊരു കൊടിയമർദ്ദനം
തെളിവിനായി നൽകിയൊരുണങ്ങാത്ത-
മുറിപ്പാടീമുഖഛായതൻ സ്മരണയിൽ.......!

ഹൃത്തടം പൊട്ടുമാറുച്ചത്തിലാ കാഹളം മുഴക്കി
തല്ലികെടുത്തുവാനെത്തിയൊരുകൂട്ടമധികാര-
ദുർമോഹികൾ;ബൂട്ടിട്ടകാലുകൊണ്ടൊരുകാളം
വരച്ചുകഴുക സംസ്കാര കാലമാം മുദ്രപോൽ മുതുകിൽ....

കുതറിയാടുന്ന കോമരങ്ങൾ,കൂകിപ്പറക്കുന്നു കടൽ
കടന്നെത്തിയ കഴുകന്മാർ,ചോരയാൽ മുക്കി മണ്ണ്
ചാലിക്കുമാ നാട്ടുജന്മിമാർ,കാട്ടുനീതിയാൽ കൊന്നൊടക്കുവാൻ-
കാത്തിരുന്നവർതൻ തോക്കിനാലുയിരുപോയെൻ സഖാവിൻ

നിഴലിനപ്പുറം നീ തന്ന നിലാവ് നീണ്ടുപോകും
ജീവിതത്തിൻ വെളിച്ചമാ‍യി മാറിടും................
കാലുറച്ചുവന്നൊരു കാലമത്രയും ഹൃത്തിലൊന്നായി
വാഴിടുന്നു നിൻ മുഖമൊരു ധീരമായിതന്നെയും

പൊരുതുമാ സമരഭൂവിൽ കരുതലോടെ ഞങ്ങളിൽ
പടരുമാ വർഗ്ഗബോധ തണൽതരും രുധിരവർണ്ണ
ക്കൊടി ഉയരവേ ഉയിർ തുടിക്കും നാൾവരെ
ഇങ്ക്വിലാബിൻ ഈരടിക്കൊപ്പമൊരു രക്തസാക്ഷിയും;

ബോധകാലത്തിനപ്പുറം ഭുതകാലത്തിൻ വീഥിയിൽ
ഭാവികാലപ്പെരുമ തീർത്തിടാനാ ചോരനൽകിയ
സഖാവിൻ ചിത്രമാണിങ്ങനെ ചരിതമായി.......
ചുവരിലേറി ചുവന്നത്.................
**************************************************************

4 comments:

സങ്കൽ‌പ്പങ്ങൾ said...

ബോധകാലത്തിനപ്പുറം ഭുതകാലത്തിൻ വീഥിയിൽ
ഭാവികാലപ്പെരുമ തീർത്തിടാനാ ചോരനൽകിയ
സഖാവിൻ ചിത്രമാണിങ്ങനെ ചരിതമായി.......
ചുവരിലേറി ചുവന്നത്.....
നല്ല കവിത ആശംസകൾ..വരികളും.

ഇ.എ.സജിം തട്ടത്തുമല said...

ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുന്ന ദുർഗ്രാഹ്യമായ കവിതകളല്ല, അജീഷിന്റെ കവിതകൾ. യഥാർത്ഥമായ കാഴ്ചകളിൽ നിന്നാണ് അവ പിറക്കുന്നത്. ജീവിതത്തിന്റെ നേർക്കാഴ്ചകളിൽനിന്ന് ഓരോന്ന് അടർത്തിയെടുത്ത് കവിതയ്ക്ക് വിഷയമാക്കുകയാണ്.അവിടെ പരമ്പരാഗതമായ കാവ്യരചനാ നിബന്ധനകൾക്ക് വലിയ പ്രാധാന്യമൊന്നുമില്ല. തന്റെ കാഴ്ചകൾ കാവ്യാംശം ചേർത്ത് ഗൌരവപൂർവം അവതരിപ്പിക്കുകയാണ് അജീഷ്. കവിതാരചനയുടെ തുടക്കത്തിലെ ബാലാരിഷ്ടതകൾ പുതിയ ഓരോ കവിതയിലും കുറഞ്ഞുവരികയാണ്. ഏതൊരു വിഷയവും കവിതയായി അവതരിപ്പിക്കാൻ കഴിയും വിധം ഭാവനാപൂർണ്ണമായ ഒരു കാവ്യമനം അജീഷിൽ പാകപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കവിത കഴിയും വിധം ഭംഗിയാക്കിയിട്ടുണ്ട്. ഇനിയും പുതിയ കവിതകൾ ഉണ്ടാകട്ടെ! ആശംസകൾ!

ഇ.എ.സജിം തട്ടത്തുമല said...

എന്റെ പുതിയ പോസ്റ്റ്: ഇനിയെന്ത് ലാവ്‌ലിൻ?

മഹറൂഫ് പാട്ടില്ലത്ത് said...

കവിത നന്നായിടുണ്ട്....... ആശംസകള്‍