Friday 17 February 2012

ജെല്ലിക്കെട്ട്

ജെല്ലിക്കെട്ട്

ശംഖുനാദം മുഴങ്ങന്നു മണ്ണിൻ വിരിമാറിലിന്ന്
കാർഷിക സംസ്കാര കളരിയിലാളുകൂട്ടാൻ
കൂട്ടുകൂടുംമാളോകർക്കായി സ്വാഗതമരുളുന്നു;
നാട്ടുമൂപ്പൻ:കൊമ്പുകോർക്കുന്നൊരിശിരൻ
കാളകൾക്ക് മുമ്പനാകാൻ മത്സരം!
പോരുവിൻ കൂട്ടരേ മത്സരം കാണുവാൻ
കമ്പമേറിയാ ജനതതൻപൊങ്കലിൻപുല-
രികൾ പൂക്കുന്നു മകരമാസകൂളിരിനാലൊരു
പോരുതീർത്തിടാൻ;ചന്ദനം തൂകിയാ മൂരിതൻ
നെറ്റിയിൽ വന്ദനംതീർക്കുന്നു നാട്ടുകാർ;
നന്മകൾ വന്നിടാൻ കലിതുള്ളി പായുന്ന
മൂരിയാൽ ബലിദാനമാകട്ടെ നാട്ടുകാർ....!
കൊമ്പുചേരുന്നു കാളയ്ക്ക് പിൻപേ
പാഞ്ഞൊരു മല്ലനും ഓടുന്ന കാളയിൽ
ബന്ധനം തീർക്കുവാനുതിരവേ; മേനിയിൽ
ചോരപൊടിഞ്ഞതാ വീഴുന്നു മണ്ണിലായീ,
കാഴ്ച്ചകൾ കണ്ടവർ കരഘോഷം മുഴക്കുന്നു
ചോരകൊണ്ടഭിഷേകമരുൾ നൽകിയൊരു
ജനതതൻനാവേശം മല്ലതല്ലവേ കല്ലുപോലുറച്ച
മല്ലനും തോറ്റുപോകുന്നു കൂറ്റനാം കാളയാൽ...!
കണ്ഠനാളം തുറന്നതാ കുരവയും,കൂകലും
കൊമ്പുപൂജയും,മണ്ണ്പൂജയും കൊണ്ടൊരു
ആണ്ടിനാൽ കാത്തിരുന്നു പോരിയിതൊന്ന്
വന്നിടാൻ, കാളയാൽ പായുന്ന കളങ്ങളിൽ
നന്മകൾ വിളയുമാ കാഴ്ചകൾ കാണുവാൻ..!
നേർച്ചകൾ തീർക്കുന്നു കൂട്ടമായിനാട്ടുകാർ
കുഞ്ഞുപെങ്ങൾ കരയുന്നുയകലയായി
ഉമ്മറത്തൊരു ദേഹമുറങ്ങവേ;അഘോഷ
വീഥിയിലിന്നലെ പുലരിയിൽ പാഞ്ഞുപോകും
മൂരിക്കുമുൻപേ പറന്നെന്റെയാങ്ങള അടിതെറ്റി
അകലേയ്ക്ക് വീണാദേഹം നിശ്ചലം നിശബ്ദം..!
ധൂളികൾ പറപ്പിച്ച് കുതറിയോടിയകലുന്നു കാളകൾ
ശാന്തിക്ക് കണവനാം കരുണൻ പോയതും
അതുപോലെ ഒരുനാൾ അഘോഷമലതല്ലവേ
കൂറ്റന്റെ ഏറ്റുള്ളചവിട്ടിനാൽ പല്ലുപോയി,
നെഞ്ചുപോയി കണ്ണുപോയൊടുവിലാ
ദേഹവും മണ്ണിനോടിങ്ങനെ ചേർന്നൊരു
കളരിക്കു ബലിദാനസ്മരണയാകുന്നു…!
ഉണരുമാ കാർഷികവീഥിയിലുയരുമാ കര-
ഘോഷമാകെയും; അടിതെറ്റിവീണതാ
കിടക്കുന്നു പണിയാളൻ; പാഞ്ഞടുക്കും-
കാളയ്ക്ക്മുന്നിലായി നെഞ്ചുചേർത്തൊരുയിർ
ബന്ധനംതീർക്കവേ വീഴുന്നുപാതിയിൽ
ആഴമേറും സുന്ദര സ്വപ്നങ്ങൾ ബാക്കിയാക്കി;
നെറ്റിയിൽ ചാർത്തിയാ സിന്ദൂരമഴിഞ്ഞൊരു
പെണ്മണി മൂകമാം ചിന്തയിൽ വാൽമീകമാകുന്നു!
വില്ലുപോൽ വളഞ്ഞൊരു ദേഹവും പേറിയാ
രംഗവേദിക്കുമുന്നിൽ കാഴ്ച്ചകാണാൻ വന്നൊരു
പൂർവ്വമല്ലനാം മുതു മുത്തച്ഛ്നും ;വീഴ്ച്ചയാൽ കിട്ടിയ
ഈർച്ചകേടിൻ സ്മരണയാൽ കാത്തിരിക്കുന്നു
മൂരിയെ ജയിപ്പതാരന്നു കാണ്മാൻ.....!
പാട്ടുപാടിക്കളിക്കുന്നു കൂട്ടകാരപ്പോഴും ഘോഷമേകാൻ
വേഷകൊഴുപ്പിനാൽ നീങ്ങുമാ കാളയ്ക്ക് മുന്നിലായങ്ങനെ
ബന്ധനം തീർത്തവർ പാതിയിൽ വീണ് കൊമ്പ് കുത്തി
ചോരവാർന്നൊഴുകുന്നു കാർഷികവീഥിയിൽ,പാടങ്ങൾ
തൻ പതിരുകൾ പരിഭവം പറയുന്നു: ചോറിനായി
വിതയ്ക്കുമാ വിത്തിലൊരു ചോരഗന്ധം പടരുന്നു.!
ഇന്നലെ കൊയ്തൊരു കതിരിലും കാണുന്നു
കാളയാൽ മെതിഞ്ഞൊരു മല്ലന്റെ ചോരയാം -
തുള്ളികൾ പതിരായി പൊഴിയവെ ;പായുന്നു
കാളകൾപിന്നെയും;മാറിനിന്നാളുകൾ തഴുക്കുന്നു
മൂരിയെ കൊമ്പുകോർക്കുക…നീ നിൻ ശക്തിയാൽ
ഇങ്ങനെ പോരിന്റെ ഊഷ്മള വേളകൾ ഉണരട്ടെ......

No comments: