Thursday 14 June 2012

രാത്രികൾ ഇങ്ങനെയും

നീ........
വെറുതെ കിളിർത്തിട്ട്
വെയിലേറ്റു വീണൊരു
വയൽ പൂവല്ല നീ......
കഷ്ടതയ്ക്കുത്തരം നൽകാൻ
കൊതിക്കുന്നൊരു മനുജന്റെ
സ്വപ്നവീഥിയിൽ സ്വഛന്ദം
നടന്നൊരു നാട്ടുകാരൻ നീ....!
നാവിന്റെ നീതിയാൽ നീ
ചൊന്ന വാക്കുകൾ-
ഫലിക്കുന്നൊരാ മണ്ണിൽ
ഇനിയുള്ളകാലവും....
നിഴലല്ല നീ  നിലാവാണ്.....
നെറികേടുകാട്ടുന്ന രാക്ഷസ-
നീതിക്കു നീ കുലകുത്തിയകുന്നതെങ്ങനെ?
ഉത്തരമില്ലാതുഴലുന്ന കൂട്ടരിൽ
ഒരു വാക്ക് മാത്രം നിഴലിച്ച്
നിൽക്കവേ;
വെട്ടേറ്റു വീഴുന്ന വീഥിയിൽ
ചോരയ്ക്കു നിറം ചുവപ്പാണ്
സത്യം.......!
രുധിരം മണക്കുമാ-
നാടിന്റെ നെറുകയിൽ
കതിരോന്റെ സ്വപ്നം
നീതന്നെയാണന്ന് സത്യം...
നീ വരും വഴിയാകേ
ഉയരുമൊരു നാടിൻ
ശബ്ദ ശകലങ്ങൾ
വ്യതിരിക്തമാ വേദനയല്ല
വഴിവക്കിൽ പടരുന്ന
കണ്ഠനാള ധ്വനിയിൽ
ഉണരുന്നു ഭാവിതേടും
തലമുറയ്ക്കുത്തരം.!
മരണമില്ലെൻ സഖാവിനീ
കാലങ്ങളെത്ര പിന്നിട്ട്
മാറിയാലും
വെട്ടിമുറിച്ചൊരു ക്രൂരത
പേറുന്ന മുഖത്തിനി
രുധിരം മണക്കുന്ന പാടില്ല
നേരിന്റെ വീഥിയിൽ കാണുന്നു
ഞങ്ങളാ മുഖം;ചൈതന്യ
ജ്വാലയിൽ പടരവേ,പോരാട്ട
വീറാണ് സഖാ‍വേ  നീ......
കത്തിയമരുന്ന കനലിൽ
കാലമേൽക്കുന്നു നിൻ
ധീരമാം ചരിതവും.....
കനൽപൂക്കൾ കവിതയാകുമീ
നാളിൽ കരസ്പർശമറിയാതെ
കാന്തനുറങ്ങുന്ന കാഴ്ച്ചകണ്ടവൾ
ധീരയാം വനിതയാകുന്നു……
പോരാട്ടവീര സ്മരണയാൽ-
ചുരുട്ടിവച്ചമുഷ്ടിയിൽ -
മൂറിപ്പാടുണങ്ങാതെ തുള്ളിയായി
വീണൊരു ചോരയാം സാക്ഷി നീ!
കണ്ണുനീർ തുള്ളിതൻ നനവുണങ്ങാതെ
കത്തുന്നു പോരാട്ടവീര്യമാം നാളുകൾ
പകരുന്നു നീ നയിക്കുവാനുതകുന്നൊരായിരം
ഓർമ്മയും; കരളുപൊട്ടികരയുന്നവർ-
അരികിലായി അണമുറിയാതൊഴുകവേ
ബധിരകർണ്ണം തുറക്കുമാറുച്ചത്തിൽ
ഉയരുന്നു മരിക്കുകില്ല നീ ഞങ്ങൾ
തൻ ഹൃത്തിൽ നിന്നൊട്ടുമേ

2 comments:

nizam 4u said...

ആനുകാലിക പ്രസക്തം

ഇ.എ.സജിം തട്ടത്തുമല said...

കുലംകുത്തിയൊഴുകുന്ന കവിതയെന്ന് ആക്ഷേപിക്കപ്പെടാനിടയുണ്ട്!